മുംബൈ: ടെസ്‌റ്റില്‍ ഇന്ത്യ ഇന്നു വെസ്‌റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ 2 ലക്ഷ്യങ്ങള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറിനു സ്വന്തം മണ്ണില്‍ തന്നെ നൂറാം രാജ്യാന്തര സെഞ്ചുറിയും ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ആവേശമുണര്‍ത്തുന്ന തരത്തില്‍ പരമ്പരയില്‍ സമ്പൂര്‍ണ വിജയവും. രണ്ടും സംഭവിക്കണമേയെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് പ്രേമികള്‍. രാവിലെ 9.30ന് തുടങ്ങുന്ന ടെസ്‌റ്റ് നിയോ ക്രിക്കറ്റില്‍ തല്‍സമയം കാണാം. രണ്ടു ടീമും പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റ വിന്‍ഡീസ് താരം ചന്ദര്‍പോള്‍ കഴിഞ്ഞ ദിവസവും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണി ഇന്നലെയും പരിശീലനത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. വിന്‍ഡീസ് ബാറ്റിങ്ങിന് ഏറെ ആശ്രയിക്കുന്ന ചന്ദര്‍പോള്‍ ഇന്നു കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന. എന്നാല്‍ ധോണിയുടെ സാന്നിധ്യം ഉറപ്പില്ല. സുഖമില്ലെന്നു ഫിസിയോയെ അറിയിച്ച ശേഷം ധോണി പരിശീലനത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.