കൊച്ചി: ഷൂട്ടിങ് നിര്‍ത്തിവെച്ചുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം തുടരുമ്പോള്‍ നിര്‍മ്മാതാക്കളുടെ റോളിലേക്ക് കൂടുതല്‍ സംവിധായകര്‍ കടന്നുവരുന്നു. ലാല്‍ജോസും കമലും ബി.ഉണ്ണികൃഷ്ണനുമാണ് അടുത്തവര്‍ഷം സിനിമാനിര്‍മാണത്തിലേക്കിറങ്ങുന്നത്. ഇവര്‍ക്കൊപ്പം തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലവുമുണ്ട്.
പക്ഷേ, ഇത് നിര്‍മാതാക്കളുമായുള്ള ദ്വന്ദ്വയുദ്ധമല്ലെന്ന് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു. ചെറുപ്പക്കാര്‍ക്ക് സിനിമയൊരുക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. നിര്‍മിക്കുന്ന സിനിമകളില്‍ ഇവര്‍ പണംമുടക്കുക മാത്രമേ ചെയ്യൂ. തിരക്കഥയും സംവിധാനവുമെല്ലാം മറ്റുള്ളവരാകും.
മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പൃഥ്വിരാജ് വരെയുള്ള മുന്‍നിരതാരങ്ങളെല്ലാം സിനിമ നിര്‍മിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മലയാളത്തില്‍ രണ്ടു സംവിധായകര്‍ മാത്രമാണ് നിര്‍മാണരംഗത്തുള്ളത്. ലാല്‍ ക്രിയേഷന്‍സുമായി ലാലും കാപ്പിറ്റോള്‍ സിനിമയുമായി രഞ്ജിത്തും. പക്ഷേ, തമിഴില്‍ ഷങ്കറിനേയും എ.ആര്‍.മുരുഗദോസിനേയും പോലുള്ള പ്രമുഖര്‍ക്കെല്ലാം നിര്‍മാണക്കമ്പനിയുണ്ട്. കൂടുതല്‍ സംവിധായകര്‍ നിര്‍മാണത്തിലേക്ക് കടന്നുവരുന്നതോടെ തമിഴിന്റെ രീതിയിലേക്ക് മാറുകയാണ് മലയാളസിനിമ.
ഫെഫ്കയുമായി വേതനം സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍മാതാക്കളുടെ തീരുമാനമാണ് നിര്‍മാണത്തിലേയ്ക്കിറങ്ങാന്‍ സംവിധായകരെ പ്രേരിപ്പിച്ച പ്രധാന വികാരം. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയോഗത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ വികാരമാണുയര്‍ന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പ്രകടമായ പിളര്‍പ്പ് വന്നതായാണ് ഫെഫ്കയുടെ വിലയിരുത്തല്‍. സിനിമാനിര്‍മാണത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുണ്ടായിരുന്ന അപ്രമാദിത്വം അവസാനിച്ചതായും യോഗത്തില്‍ സംസാരിച്ച പലരും അഭിപ്രായപ്പെട്ടു. ആര്‍ക്കും സിനിമ നിര്‍മിച്ച് റിലീസ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഏതാനും ചിലരുടെ ധിക്കാരത്തിന് വഴങ്ങേണ്ടെന്ന വികാരമാണ് ഫെഫ്കയോഗത്തിലുയര്‍ന്നത്. തുടര്‍ന്നാണ് ലാല്‍ജോസും കമലും ഉള്‍പ്പെടെയുള്ളവര്‍ സിനിമ നിര്‍മിക്കാന്‍ തയ്യറാണെന്ന പ്രഖ്യാപനവുമായി മുന്നോട്ടുവന്നത്.