Written by See News Category: Movies
Published on 15 November 2011 Hits: 6

ദീപാവലി നാളില്‍ തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം 'ഏഴാം അറിവ്' ഉത്സവാഘോഷങ്ങളോടെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു. 'ഗജിനി' സംവിധായകന്‍ എ.ആര്‍. മുരുകദോസും സൂര്യയും ഒരുവട്ടം കൂടി ഒന്നിക്കുന്നുവെന്നതു തന്നെ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ സൈക്കോ-ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന 'ഗജിനി'യില്‍ നിന്ന് വ്യത്യസ്തമായി ചരിത്രവും സയന്‍സ് ഫിക്ഷനും ഇഴചേരുന്നൊരു കഥയാണ് 'ഏഴാം അറിവ്' പറഞ്ഞുവെക്കുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ഗജിനി തേടിയെത്തുന്നവരെ ചിത്രം അല്പം നിരാശരാക്കും.

പല്ലവരാജവംശത്തില്‍ പെട്ട കാഞ്ചീപുരത്ത് 1600 വര്‍ഷങ്ങള്‍ക്കുമുമ്പ് പിറന്ന ബോധിധര്‍മന്‍ എന്ന

രാജകുമാരന്റെ ജീവിതമാണ് 'ഏഴാം അറിവി'ന്റെ പ്രധാനപ്രമേയം. ആയോധനവിദ്യയുടെയും സിദ്ധചികിത്സയുടെയും ആസ്ഥാനകേന്ദ്രമായിരുന്നു കാഞ്ചീപുരം. അവിടെനിന്ന് ഒരുനാള്‍ ബോധിധര്‍മന്‍ ചൈനയിലേക്ക് തിരിക്കുന്നു. മൂന്ന് വര്‍ഷത്തെ യാത്രയ്‌ക്കൊടുവിലാണ് അദ്ദേഹം ചീനദേശത്തെത്തുന്നത്. തികച്ചും വ്യത്യസ്തമായ വഴിത്തിരിവുകളിലുടെ ആ രാജ്യത്തെ ആയോധനഗുരുവായും പ്രധാനചികിത്സകനായും ബോധിധര്‍മന്‍ രൂപാന്തരം പ്രാപിക്കുന്നു.

പിന്നീടുള്ള കാലം അവിടെ ജീവിച്ചുമരിച്ച ബോധിധര്‍മന്റെ ജനിതകരഹസ്യങ്ങള്‍ തേടി ഈ നൂറ്റാണ്ടില്‍ ശുഭ ശ്രീനിവാസന്‍ എന്ന ബയോ-ടെക് ഗവേഷക നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് പിന്നീട് കഥ വികസിക്കുന്നത്. കാഞ്ചീപുരത്തുനിന്നുള്ള അരവിന്ദന്‍ എന്ന സര്‍ക്കസുകാരന്‍ ബോധിധര്‍മന്റെ സന്തതിപരമ്പകളിലെ ഏറ്റവുമൊടുവിലത്തെ കണ്ണിയാണെന്ന് ശുഭ കണ്ടെത്തുന്നു. ബോധിധര്‍മനിലേക്കുള്ള അരവിന്ദന്റെ യാത്രയും അതിനിടയിലുണ്ടാകുന്ന പ്രതിബന്ധങ്ങളുമാണ് സിനിമയെ സംഭവബഹുലമാക്കുന്നത്.

ആറാം നൂറ്റാണ്ടില്‍ ജീവിച്ച ബോധിധര്‍മ്മന്‍ എന്ന പല്ലവരാജകുമാരനെക്കുറിച്ച് ഇന്ത്യക്കാര്‍ക്കോ തമിഴര്‍ക്കോ ഒന്നുമറിയില്ലെന്ന വേദനയില്‍ നിന്നാണ് മുരുകദോസിന് 'ഏഴാം അറിവ്' എന്ന ചിത്രത്തിന്റെ ത്രെഡ് കിട്ടിയതെന്ന വ്യക്തം. കുങ്-ഫു ആയോധനമുറയുടെ പിതാവായി ചൈനക്കാര്‍ വാഴ്ത്തുന്നത് ഈ തമിഴനെയാണെന്ന വസ്തുതയും സംവിധായകനെ ആശ്ചര്യപ്പെടുത്തിയിരിക്കാം. ബോധിധര്‍മന്റെ ജീവിതകഥയില്‍ അമ്പേ ആകൃഷ്ടനായതുകൊണ്ട് ചിത്രത്തിന്റെ തിരക്കഥ കുറ്റമറ്റതാക്കുന്നതില്‍ സംവിധായകന്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നു പറയാതെ വയ്യ. അതുകൊണ്ടുതന്നെ 'ഏഴാം അറിവ്' മൂന്നു ഭാഗങ്ങളായി വേറിട്ടുനില്‍ക്കുന്ന ഒറ്റ സിനിമയാകുന്നു. ബോധിധര്‍മന്റെ കഥ പറയുന്ന ആദ്യഭാഗം,

പെണ്‍കുട്ടികള്‍ക്കിഷ്ടപ്പെടുന്ന സൂര്യയുടെ പ്രണയഭാവങ്ങളോടുകുടിയ രണ്ടാം ഭാഗം, ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമായ അവസാനഭാഗം. മൂന്നില്‍ ഏറ്റവും മികച്ചത് സൂര്യ തന്നെ ബോധിധര്‍മനായി എത്തുന്ന ആദ്യഭാഗം തന്നെ. കുതിരപ്പുറത്തേറി ചൈനയിലേക്ക് ദേശാടനം നടത്തുന്ന രംഗങ്ങള്‍ കാമറാമികവിനാല്‍ അതിമനോഹരമായിരിക്കുന്നു. ബ്രൂസ്‌ലി, ജാക്കി ചാന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ചൈനീസ് ഗ്രാമവും അവിടെ രാജഗുരുവായി വാണരുളുന്ന ബോധിധര്‍മന്റെ രംഗങ്ങളുമെല്ലാം ഗംഭീരം. സിനിമയുടെ ആദ്യപതിനഞ്ചു മിനുട്ട് ചിത്രീകരിക്കാന്‍ മാത്രം 15 കോടി രൂപ ചെലവായെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. അത് ശരിയെന്നു തെളിയിക്കുന്ന ദൃശ്യധാരാളിത്തം ആദ്യസീനുകളിലുണ്ട്. പക്ഷേ, ആ കമന്ററി പോലെ കഥ വിവരിച്ചത് ആ ഭാഗത്തിനൊരു ഡോക്യുമെന്ററി ചുവ നല്‍കി.

തുടര്‍ന്ന കട്ട് ചെയ്യുന്നത് ഗ്രേറ്റ് ബോംബെ സര്‍ക്കസുമായി ചെന്നൈയിലെത്തുന്ന അരവിന്ദന്‍ എന്ന പുതിയ സൂര്യയുടെ ജീവിതത്തിലേക്കാണ്. നായിക ശ്രുതിഹാസനെ അവതരിപ്പിക്കുന്നതും അപ്പോള്‍ തന്നെ. നായകന്റെ നിഴലായി ഒതുങ്ങുന്ന പതിവു മലയാളം, തമിഴ് നായികകളില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിയും വിവരവുമുള്ള പെണ്‍കുട്ടി ആയിട്ടാണ് ശ്രുതിയെ അവതരിപ്പിക്കുന്നത്. തമിഴ്ചിത്രങ്ങളിലേക്കുള്ള അരങ്ങേറ്റം ശ്രുതി ഭംഗിയാക്കി. എന്നാല്‍ തമിഴ് ഉച്ചാരണത്തിലെ അപാകങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ് ഇല്ലായ്മയും ചിലയിടങ്ങളിലെങ്കിലും അരോചകമാകുന്നു. അതു തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല ചിത്രത്തില്‍ തന്റെ പ്രൊഫസര്‍മാരോടു തട്ടിക്കയറുന്ന രംഗത്തില്‍ ശ്രുതിയുടെ ഡയലോഗുകള്‍ 'മ്യൂട്ട്' ആക്കാന്‍ സംവിധായകന്‍ തയ്യാറായിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം.

തമിഴ്‌നടന്‍മാരില്‍ പതിവായി ആരോപിക്കപ്പെടുന്ന അമിതാഭിനയത്തിന്റെ ചെടിപ്പുളവാക്കാത്ത താരമാണ് സൂര്യ. ഈ ചിത്രത്തിലും തന്റെ വേഷം സൂര്യ ഭംഗിയാക്കി. നൂറുപേരെ ഒന്നിച്ചെതിരിടുന്ന പഴയമട്ടിലുള്ള നായകനല്ല, അത്യാവശ്യം തല്ലുകൊള്ളാനും ഓടിരക്ഷപ്പെടാനുമൊക്കെ തയ്യാറാകുന്ന സാധാരണക്കാനാണ് അരവിന്ദന്‍. ഇമേജും ഈഗോയുമൊന്നും പരിഗണിക്കാതെ ഈ വേഷം െചയ്ത സൂര്യയെ അഭിനന്ദിച്ചേ മതിയാകൂ. ആളുകള്‍ക്കിഷ്ടപ്പെടുക ബോധിധര്‍മന്റെ കഥാപാത്രത്തെയാണെങ്കിലും.

Share this post