കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാവോയിസ്റുകള്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു. നിബന്ധനകളോടെ കഴിഞ്ഞമാസം പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാറാണ് മാവോയിസ്റുകള്‍ പിന്‍വലിച്ചത്. ഒക്ടോബര്‍ 30ന് കരാര്‍ കാലാവധി അവസാനിച്ചതായും എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതെന്ന് മാവോയിസ്റ് സെക്രട്ടറി ആകാശ് അറിയിച്ചു
.
മധ്യസ്ഥന്‍ വഴി കത്തിലൂടെയാണ് ആകാശ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. ഇതേത്തുര്‍ന്ന് സംയുക്ത സേനയുടെ മാവോയിസ്റ് വിരുദ്ധ നടപടി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. മാവോയിസ്റുകളുടെ ഭീഷണിയ്ക്കു വലിയ വില കല്‍പ്പിക്കുന്നില്ലെന്നും കഴിഞ്ഞ അഞ്ചുമാസമായി ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും മമത പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് വീണ്ടും തെമ്മാടിത്തം ആരംഭിക്കാനാണ് ഇവരുടെ ഉദ്ദേശമെന്നും ഇതു അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. മാവോയിസ്റുകള്‍ക്കു സഹായം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.