ലോകത്തെങ്ങുമുള്ള മനുഷ്യരെ നിശബ്‌ദമായി കാര്‍ന്നു തിന്നുന്ന രോഗാവസ്‌ഥയാണ് പ്രമേഹം. നമ്മുടെ രാജ്യത്ത് പ്രമേഹത്തിന്റെ വ്യാപനത്തിന് വേഗം കൂടുതലാണ്. പ്രത്യേകിച്ചും കേരളത്തില്‍. നമ്മുടെ സംസ്‌ഥാനത്തെ മാത്രം പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് 50 ലക്ഷത്തോളമായി. പ്രമേഹത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ കേരളത്തിലെ പ്രമേഹരോഗികളില്‍ ചികിത്സ ഫലപ്രദമായി നടക്കുന്നത് ഏതാണ്ട് 15 ശതമാനം രോഗികളില്‍ മാത്രമാണെന്നാണ് പഠനറിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കൂ, ഇപ്പോള്‍ തന്നെ എന്ന ഈ വര്‍ഷത്തെ ലോക പ്രമേഹദിനാചരണവാക്യം നമ്മെ സംബന്ധിച്ച് കൂടുതല്‍ പ്രസക്‌തമാകുന്നത് അതുകൊണ്ടാണ്. കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും ഗുരുതരമായ രോഗം എന്ന നിലയിലാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടെയുള്ളവര്‍ പ്രമേഹത്തെ കാണുന്നത്. അതുകൊണ്ടു തന്നെ ഇന്ന് ആരോഗ്യമേഖലയില്‍ ഏറ്റവും അധികം പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്ന മേഖലയും പ്രമേഹം തന്നെ. ദിവസവും 600 കാലറി എന്ന കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹം മാറ്റാനാകും. പ്രമേഹ നിയന്ത്രണത്തിനോ പ്രതിരോധത്തിനോ ഉതകുന്ന ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടുകളും നിഗമനങ്ങളും ഗവേഷണഫലങ്ങളും ചൂടാറാതെ അവതരിപ്പിക്കുകയാണിവിടെ. ഒരു പ്രമേഹരോഗിക്ക് തന്റെ ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുത്താനാകുന്ന അറിവുകള്‍ മാത്രമേ ഇവിടെ അവതരിപ്പിക്കുന്നുള്ളൂ. ഒപ്പം ആ റിപ്പോര്‍ട്ടുകളുടെ പ്രായോഗികത അന്വേഷിക്കുന്ന വിദഗ്‌ധ വിശകലനവും.