ചെങ്ങന്നൂര്‍: മകരസംക്രമജ്യോതി കണ്ട് മലയിറങ്ങിയ ഭക്തരാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും ജനസാഗരമായി. കറുപ്പും കാവിയുമണിഞ്ഞ ഭക്തജനങ്ങളായിരുന്നു എവിടേയും. മകരവിളക്കുകണ്ട് മലയിറങ്ങിയ ഭക്തരേയുംകൊണ്ട് ഞായറാഴ്ച രാത്രി 10 മണിയോടെ പമ്പയില്‍നിന്നുള്ള ആദ്യ ബസ് എത്തി. തൊട്ടുപിന്നാലെ ഒന്നൊന്നായി ബസ്സുകള്‍ വന്നു. സ്വകാര്യ വാഹനങ്ങളിലും അയ്യപ്പഭക്തര്‍ പ്രവഹിച്ചപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായി. നാല്പതോളം ആര്‍.പി.എഫുകാരും 20ലധികം ലോക്കല്‍ പോലീസുകാരും സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ യാത്രാടിക്കറ്റ് നോക്കി രാത്രിവണ്ടിക്കുപോകേണ്ട തീര്‍ഥാടകരെ മാത്രം പ്ലാറ്റ്‌ഫോമിലേക്കയച്ചു.
വിശ്രമിക്കാന്‍ സമയമുള്ള തീര്‍ഥാടകരെ ആര്‍.പി.എഫ്. ഓഫീസിന് സമീപവും പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപമുള്ള മൂന്ന് തീര്‍ഥാടക വിശ്രമകേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടത് പ്ലാറ്റ്‌ഫോമിലെ തിരക്കു കുറയ്ക്കാന്‍ സഹായിച്ചു. മകരജ്യോതി കഴിഞ്ഞ രാത്രി പമ്പയില്‍ നിന്ന് 110 ഓളം സര്‍വീസുകളാണ് ചെങ്ങന്നൂരിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ കൊല്ലം- വിജയവാഡ എക്സ്പ്രസ്സും 6.15 ഓടെ കൊല്ലം-കാക്കിനഡ എക്സ്പ്രസ്സും എത്തി. ഇവ 15 മിനിറ്റിലധികം പിടിച്ചിട്ടാണ് അയ്യപ്പഭക്തരെ കയറ്റിവിട്ടത്. റിസര്‍വേഷനുള്ള കമ്പാര്‍ട്ടുമെന്റുകളിലും എ.സി. കമ്പാര്‍ട്ടുമെന്റുകളിലുംവരെ അയ്യപ്പഭക്തര്‍ ഇടിച്ചുകയറി. തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസ്സ്, ശബരി എക്സ്പ്രസ്സ്, ജയന്തിജനത എക്സ്പ്രസ്സ് എന്നിവയിലും തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
മകരവിളക്കിനടുത്ത ദിവസം ചെങ്ങന്നൂരില്‍ റെയില്‍വേയുടെ വരുമാനം 15 ലക്ഷം കവിയുമെന്നാണ് സൂചന. തിങ്കളാഴ്ച നേരംപുലര്‍ന്നപ്പോഴേക്കും വെള്ളം ഏറെക്കുറെ തീരുന്ന സ്ഥിതിയായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ 35,000 ലിറ്റര്‍ വെള്ളം വാഹനങ്ങളില്‍ എത്തിച്ചു. തീര്‍ഥാടക വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പുതിയ ശൗചാലയ സമുച്ചയം നിര്‍മിച്ചത് അയ്യപ്പഭക്തര്‍ക്ക് അനുഗ്രഹമായി. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം തികച്ചും അപര്യാപ്തമായിരുന്നു. മകരവിളക്ക് പ്രമാണിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെയും സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.
Page 1 of 3
Start Prev 1 2 3 Next > End >>